Monday, December 13, 2010

18 അന്നും ഇന്നും

ബാലന്‍ മാഷ്‌ നേരത്തെ തന്നെ സ്കൂളിലേക്ക് നടന്നു.
ഇന്ന് മാഷിന്‍റെ ദിവസമാണ്.
പുത്തനുടുപ്പും പുതിയ ബാഗും കുടകളുമൊക്കെയായി വിദ്യാര്‍ഥികള്‍ 
വിദ്യാലയത്തില്‍ ഒരു വസന്തം തീര്‍ക്കുമ്പോള്‍ മാഷും അവര്‍ക്കിടയിലുണ്ടാവും...;
തന്‍റെ പ്രായം മറന്ന്...പ്രായത്തിന്‍റെ അവശതകള്‍ മറന്ന്.
മാഷിനു കുട്ടികള്‍ എന്ന് വെച്ചാല്‍ ജീവനാണ്.
അതുകൊണ്ടാണ് ഒന്നാം ക്ലാസ്സിലേക്ക് എന്നും ഒന്നാമതായി ബാലന്‍ മാഷ് തന്നെ കടന്നു ചെല്ലുന്നത്.
വിദ്യ എന്ന രണ്ടക്ഷരത്തിന്‍റെ 
അനന്തമായ പൊരുള്‍ നേടാനെത്തി
അപരിചിതത്തിന്‍റെ   നാല് ചുമരുകള്‍ക്കിടയില്‍ 
കരഞ്ഞും ചിരിച്ചും കൂകി വിളിച്ചും ബഹളം വെക്കുന്ന കുഞ്ഞുങ്ങളെ ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ മാഷ് കീഴടക്കും.
ഇന്നും അങ്ങനെ ത്തന്നെയായിരുന്നു..
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തും ....
പാട്ടുകള്‍ പാടിക്കൊടുത്തും..
കവിതകള്‍ ചൊല്ലിക്കൊടുത്തും മാഷ്‌ അവരുടെ പ്രിയങ്കരനായ കൂട്ടുകാരനായി...
"ഇനി നിങ്ങളില്‍ ആരാ മാഷ്ക്കൊരു പാട്ട് പാടി തരിക..?"-മാഷ് ചോദിച്ചു.
കുട്ടികള്‍ പരസ്പരം നോക്കി.
"കഥയോ പാട്ടോ എന്തായാലും മതി.
നിങ്ങള്ക്ക്  അമ്മയും അച്ഛനും കഥകള്‍ പറഞ്ഞു തരാരില്ലേ?
പാട്ടുകള്‍ പാടി തരാരില്ലേ..?"- മാഷ് വീണ്ടും ചോദിച്ചു
ആരും മുന്നോട്ടു വന്നില്ല.
ഒടുവില്‍ മാഷ് തന്നെ കൂട്ടത്തില്‍ ഇത്തിരി സ്മാര്‍ട്ട്‌ ആയ ഒരു കുട്ടിയുടെ അടുത്തെത്തി;
അവനോടു പറഞ്ഞു. 
"മോനൊരു പാട്ട് പാടിക്കേ?"
അവന്‍ ചാടി എണീറ്റു അടുത്തിരിക്കുന്ന കുട്ടികളെയൊക്കെ ഒന്ന് നോക്കി.
പിന്നെ പാടിത്തുടങ്ങി.
"ചാന്ത് പൊട്ടും
ചന്തിമ്മൊട്ടും 
കുണ്ടിമ്മൊട്ടും 
ബാബ്ള്‍ഗം "
കുട്ടികളെല്ലാം  ആര്‍ത്തു ചിരിച്ചു
മാഷ്‌ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു. മനസ്സില്‍ ;
വിദ്യാലയത്തിന്‍റെ  വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെട്ട ദിവസം 
ഒരു പാട്ട് പാടാനാവശ്യപ്പെട്ട ഗുരുനാഥന് മുന്നില്‍ 
മുത്തശി ചൊല്ലി പ്പടിപ്പിച്ച ഒരു കവിത ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിച്ച 
ഒരു "കൊച്ചു ബാലന്‍റെ  " മുഖമായിരുന്നു..ചുണ്ടില്‍ ആ കവിത യുടെ ഒരിക്കലും മറക്കാത്ത വരികളും..
"മലരണിക്കാടുകള്‍ തിങ്ങി വിങ്ങി.
മരതക കാന്തിയില്‍ മുങ്ങി മുങ്ങി 
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമ ഭംഗി...." 





വാല്‍കഷണം:
ഇതൊരു കഥയാണ്..
നടന്നൊരു കഥ. ഇന്നത്തെ ഒട്ടുമിക്ക ജനപ്രിയ മലയാള സിനിമകളിലും കേള്‍ക്കാറുള്ള ഒന്ന് രണ്ട് വാക്കുകള്‍ ഇതിലുണ്ട്.
ആ സിനിമകളൊക്കെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാറുള്ള നമ്മളില്‍ ചിലരെങ്കിലും ഈ വാക്കുകളെ ചോദ്യം ചെയ്യില്ല എന്ന് കരുതട്ടെ..