Sunday, November 3, 2013

24 കല്യാണക്കാപ്പിലെ പിശാച്

(കുട്ടിക്കഥ)


കല്യാണപുരിയിലെ രാജാവായിരുന്നു കല്യാണവര്‍ദ്ധന്‍.
നാളുകളായി അദ്ദേഹം വളരെ ദുഖിതനായിരുന്നു.കാരണം മറ്റൊന്നുമല്ല, കല്യാണ പുരിയില്‍ നിന്നും കുറച്ചു അകലെയായി കല്യാണക്കാപ്പ് എന്നൊരു സ്ഥലമുണ്ട്. അവിടെ കൊട്ടാരം വക വലിയൊരു തോട്ടമുണ്ട്. തോട്ടത്തിലെ ഫല വൃക്ഷങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കായ്കനികള്‍ മോഷണം പോവുന്നു.
രാവും പകലും ഒരുപോലെ ഭടന്മാരെ കാവല്‍ നിര്‍ത്തിയിട്ടും കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് ആയിരം സ്വര്‍ണ നാണയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കള്ളന്മാരുടെ പൊടിപോലും കിട്ടിയില്ല. പിന്നെങ്ങനെ രാജാവ് ദുഖിതന്‍ ആവാതിരിക്കും..? 

           രാജാവിന്‍റെ ദുഃഖം കണ്ടറിഞ്ഞ മന്ത്രി കുമാരന്‍ ഒരു തീരുമാനത്തിലെത്തി. കള്ളനെ കിട്ടിയില്ലെങ്കിലും വേണ്ടില്ല അവന്‍ ഇനി കൊട്ടാര വളപ്പില്‍ കയറരുത്. അതിനെന്താണ് ഒരു പോം വഴി. മന്ത്രി കുമാരന്‍ ആലോചനയായി.              പിറ്റേന്ന് പ്രഭാതം ഉണര്‍ന്നത് നടുക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു. കല്യാണക്കാപ്പിലെ തോട്ടത്തിനു അരികെ മന്ത്രി കുമാരന്‍ ബോധരഹിതനായി കിടക്കുന്നു.ഭാടന്മാരെല്ലാം ചേര്‍ന്ന് കുമാരനെ രാജ സദസ്സില്‍ എത്തിച്ചു. ബോധം തെളിഞ്ഞ കുമാരനോട് രാജാവ് കാര്യം തിരക്കി. മന്ത്രി കുമാരന്‍ ഭയപ്പാടോടെ പറഞ്ഞു 

"പ്രഭോ, കള്ളനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍ . 
കല്യാണകാപ്പിനു അടുത്തെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ എന്‍റെ നേരെ നടന്നു വരുന്നു.  അയാളുടെ കയ്യില്‍ ഒരു ജോഡി ചെരിപ്പും ഉണ്ട്. 
"മോനെ ഈ ചെരിപ്പൊന്നു ഇട്ടുതരുമോ..?" അയാള്‍ എന്നോട് ചോദിച്ചു. വൃദ്ധന്‍റെ കയ്യില്‍ നിന്നും ചെരിപ്പുകള്‍ വാങ്ങി ഞാന്‍ വൃദ്ധനോട് കാലുകള്‍ നീട്ടാന്‍ ആവശ്യപ്പെട്ടു. നീട്ടി വെച്ച വൃദ്ധന്‍റെ കാലുകള്‍ കണ്ടു ഞാന്‍ അമ്പരന്നു. അയാള്‍ക്ക്‌ മൃഗങ്ങളുടെത് പോലെ കുളമ്പ് കാലുകള്‍ ആയിരുന്നു. ഭയന്ന് വിറച്ചു ഞാന്‍ ചെരിപ്പുകള്‍ അവിടെയിട്ട് ഓടി. അല്‍പ ദൂരം ഓടിയപ്പോള്‍ അതാ വരുന്നു മറ്റൊരാള്‍ . 
ഞാന്‍ അയാളോട് പറഞ്ഞു
" അതാ അവിടെ ഒരു കുളമ്പ് കാലുകള്‍ ഉള്ള ഒരു മനുഷ്യന്‍...!
 അത് കേട്ടതും അയാള്‍ അയാളുടെ കാലുകള്‍ കാണിച്ചു ചോദിച്ചു 
ഇത് പോലുള്ള കാലുകള്‍ ആണോ..? എന്ന്.
 പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല. കുമാരന്‍റെ വാക്കുകള്‍ രാജാവിനെ പോലും ഭയപ്പെടുത്തി. 
നിമിഷ നേരം കൊണ്ട് വാര്‍ത്ത കല്യാണപുരിയാകെ പരന്നു. കല്യാണക്കാപ്പിലൂടെ പകല് പോലും നടക്കാന്‍ ആളുകള്‍ ഭയന്നു.

ദിവസങ്ങള്‍ കഴിഞ്ഞു .
ഒരിക്കല്‍ മന്ത്രി കുമാരന്‍ രാജാവിന്‍റെ അടുത്തെത്തി ചോദിച്ചു.
"പ്രഭോ ഇപ്പോഴും തോട്ടത്തില്‍ കായ്കനികള്‍ മോഷണം പോകുന്നുണ്ടോ..?"
ഇത് കേട്ട രാജാവ് പറഞ്ഞു. 
"ഇല്ലെന്നാണ് എന്‍റെ അറിവ് പകലുപോലും ആ വഴി നടക്കാന്‍ ആളുകള്‍ക്ക് ഭയമാണ് .പിന്നെ ആരാണീ രാത്രിയില്‍ മോഷണത്തിന്ഇറങ്ങുന്നത്. കള്ളന്മാരും മനുഷ്യരല്ലേ..?"
ഉടനെ കുമാരന്‍ പറഞ്ഞു 
"പ്രഭോ, അങ്ങെന്നോട് ക്ഷമിക്കണം. മോഷണത്തിന് ഇറങ്ങുന്ന കള്ളന്മാരെ ഭയപ്പെടുത്താന്‍ ഞാന്‍ കളിച്ച ഒരു നാടകമായിരുന്നു എല്ലാം. അല്ലാതെ ഞാനൊരു കുളമ്പ് മനുഷ്യനെയും കണ്ടിട്ടില്ല. "
കുമാരന്‍റെ വാക്കുകള്‍ കേട്ട് രാജാവ് വിസ്മയം കൊണ്ടു. 
കുമാരന്‍റെ ബുദ്ധിയില്‍ സംതൃപ്തനായ രാജാവ് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി കുമാരനെ യാത്രയാക്കി.