Wednesday, November 27, 2013

10 പാതിരാപാട്ട്

                    
                                                               (കുട്ടിക്കഥ)

ബാഗ്ദാദിലെ സുല്‍ത്താന്‍ ആയിരുന്നു ഹസ്രത്ത്‌  അമീര്‍ ഹുസ്സൈന്‍ .
അമീറിന് തന്‍റെ പുന്നാര മകള്‍ സൈറയുടെ നിക്കാഹു നടന്നു കാണാന്‍ അടങ്ങാത്ത കൊതിയായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ ..,
കുമാരിയെ ഇഷ്ടപ്പെട്ടു വന്ന കുമാരന്‍മാരെയൊന്നും കുമാരിക്ക് ഇഷ്ടമായില്ല. 
പിന്നെങ്ങനെ നിക്കാഹു നടക്കും...?
ഒരു ദിവസം പാതിരാ നേരം, 
എവിടെ നിന്നോ ഉയര്‍ന്നു വരുന്ന മനോഹര ഗാനം കേട്ട് കുമാരി ഞെട്ടി
ഉണര്‍ന്നു .
പിന്നീടു പല ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ പാട്ടിന്‍റെ ഉറവിടം  കണ്ടെത്താന്‍ കുമാരി ഭടന്മാരോട് ആജ്ഞാഭിച്ചു. 
അന്യോഷണത്തിനൊടുവില്‍ ഭടന്മാര്‍ ഇപ്രകാരം വന്നറിയിച്ചു.
"കുമാരീ, അതൊരു പാവം ആട്ടിടയനാണ്.
പകല്‍ മുഴുവന്‍ ആടിനെ മേക്കുകയും രാത്രിയില്‍ രോഗിയായ മാതാവിനെ ശുശ്രൂഷിക്കുകയുമാണ് അയാള്‍ ചെയ്യുന്നത്. മാതാവിനെ ഉറക്കാന്‍ വേണ്ടി അയാള്‍ പാടുന്ന താരാട്ടുകള്‍ ആണ് കുമാരി കേള്‍ക്കുന്നത്."-
ഇത് കേട്ടതും കുമാരി അമീറിന്‍റെ മുന്നിലെത്തി പറഞ്ഞു 
"എനിക്ക് വരനായ്  ആ ആട്ടിടയനെ മതി."
അമീറിന്‍റെ കണ്ണുകള്‍ ആശ്ചര്യം കൊണ്ട് വിടര്‍ന്നു.

"എത്രയെത്ര സുന്ദരന്മാരും ധനാട്യരുമായ കുമാരന്മാരാണ് നിന്നെ കാണാന്‍ വന്നത്  അവരെയൊന്നും ഇഷ്ടപ്പെടാത്ത നീ എന്തുകൊണ്ടാണ്  ഈ ആട്ടിടയനെ വരനായി മോഹിക്കുന്നത്...?"

അമീറിന്‍റെ ചോദ്യം കേട്ട് കുമാരി പറഞ്ഞു
"അവരെല്ലാം ഭരണം തലയ്ക്കു പിടിച്ച ആടംഭര പ്രിയരും ധന മോഹികളും ആയിരുന്നു.
അവര്‍ക്കൊരിക്കലും അമീറിന്‍റെ മോളെ സ്നേഹിക്കാന്‍ നേരം ഉണ്ടാവില്ല .ഈ ഇടയനാവട്ടെ പകലന്തിയോളം അധ്വാനിക്കുന്നവനും രാത്രി കാലങ്ങളില്‍ സ്വന്തം മാതാവിനെ ശുശ്രൂഷിക്കുന്നവനുമാണ് . അയാളുടെ സ്നേഹത്തിനു എന്നും ഒരു കുറവും ഉണ്ടാവില്ല."
കുമാരിയുടെ മറുപടിയില്‍ അമീര്‍ സന്തുഷ്ടനായി. വൈകാതെ തന്നെ സൈര രാജകുമാരിയുടെയും ഇടയന്റെയും നിക്കാഹു ആഘോഷമായി നടന്നു.